June 8, 2025

ആമസോണ്‍ ജീവനക്കാര്‍ ഓഫിസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശം

0
amazon

സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം ജനുവരി മുതല്‍ ആഴ്ചയില്‍ അഞ്ചുദിവസം ഓഫിസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആമസോണ്‍. ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി ആണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് സന്ദേശം അയച്ചത്. നിലവില്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രം ആമസോണ്‍ ജീവനക്കാര്‍ ഓഫിസിലെത്തിയാല്‍ മതി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, ഓഫിസില്‍ ഒരുമിച്ചിരിക്കുന്നതിന്റെ ഗുണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ജാസി കുറിപ്പില്‍ സൂചിപ്പിച്ചത്.കോവിഡിന് തുടങ്ങിയ വര്‍ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിവിധ കോര്‍പറേറ്റ് കമ്പനികള്‍. അതില്‍ ഏറ്റവും ആദ്യം വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നത് ആമസോണ്‍ ആണ്. എസ്.എ.പി, എ.ടി. ആന്‍ഡ് ടി, ഡെല്‍ തുടങ്ങിയ കമ്പനികളും ജീവനക്കാരുടെ വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം, കമ്പനികളുടെ തീരുമാനത്തില്‍ ചില ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ക് ഫ്രം ഹോം പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനമെങ്കില്‍ രാജിവെക്കുമെന്നാണ് അവര്‍ അറിയിച്ചത്.

കോവിഡിന്റെ കാലത്ത് ടെക് കമ്പനികളാണ് ജീവനക്കാരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ഏറ്റവും ആദ്യം വര്‍ക് ഫ്രം ഹോം സമ്പ്രദായം നടപ്പാക്കിയത്. നാലുവര്‍ഷം കഴിഞ്ഞതോടെ അതില്‍ പല കമ്പനികളും പതിയെ ജീവനക്കാരെ ഓഫിസിലേക്ക് കൊണ്ടുവന്നു തുടങ്ങി. അതേസമയം, വീട്ടില്‍ രോഗികളായ കുട്ടികളുള്ളവര്‍ക്കും ഏകാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍ ആവശ്യമായ ജീവനക്കാരോടും വിട്ടുവീഴ്ച ചെയ്യാനാണ് ആമസോണിന്റെ തീരുമാനം. ആഴ്ചയില്‍ രണ്ടുദിവസം ഇവര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *