ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്
സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്. പ്രമുഖ സംരംഭകന്‍ റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്ഥാപനമായ അപ്ഗ്രേഡ് അടക്കമുള്ള പതിനഞ്ചോളം കമ്പനികളാണ് ആസ്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ബൈജൂസിന്റെ ആസ്തികള്‍ വാങ്ങുന്നതിനായി താല്‍പര്യ പത്രം സമര്‍പ്പിച്ചതായി അപ്‌ഗ്രേഡ് സ്ഥിരീകരിച്ചു.
നേരത്തെ രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ ഗ്രൂപ്പും സമാനമായ താത്പര്യം അറിയിച്ചിരുന്നു. തിങ്ക് ആന്‍ഡ് ലേണില്‍ 58 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് മണിപ്പാല്‍ ഗ്രൂപ്പ്. ബൈജൂസിന്റെ എല്ലാ യൂണിറ്റുകളും ഏറ്റെടുക്കാന്‍ അപ്ഗ്രേഡിന് താല്‍പര്യമുണ്ടെന്നാണ് വിവരം. 2021ല്‍ ഏകദേശം 7,900 കോടി രൂപ മുടക്കി ബൈജൂസ് ഏറ്റെടുത്ത ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിനെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ12 ബിസിനസുമാണ് അപ്ഗ്രേഡ് ഉന്നം വെക്കുന്നത്.
കൂടാതെ, ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ തുടങ്ങിയ മറ്റ് യൂണിറ്റുകളും, ബൈജൂസ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെയുള്ള ആസ്തികളും ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. മറ്റൊരു എഡ്‌ടെക് പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളും അപ്‌ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
