6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്
കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. മൊത്തം 9.99 ശതമാനം പുതു മൂലധനം ബാങ്കിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. നിരവധി പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഓഹരി സ്വന്തമാക്കാനായി ബാങ്കിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്സ്റ്റോണിനാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി വരുന്ന ഓഹരി ഉടമയ്ക്ക് ബാങ്കില്‍ ബോര്‍ഡ് അംഗത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഓഹരിയൊന്നിന് 210 – 215 രൂപ നിരക്കിലാകും പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പനയെന്നാണ് സൂചന. ബാങ്കിന്റെ സാമ്പത്തിക കരുത്ത് കണക്കാക്കുന്ന മൂലധന റിസ്‌ക് വെയിറ്റഡ് ആസ്തി അനുപാതം 2025 മാര്‍ച്ചിലെ 16.4 ശതമാനത്തില്‍ നിന്ന് 2025 സെപ്റ്റംബറില്‍ 15.71 ശതമാനമായി കുറഞ്ഞതിനാലാണ് കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍, രണ്ട് രൂപ വിലയുള്ള ഏകദേശം 23 കോടി ഇക്വിറ്റി ഷെയറുകകള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്ലേസ്മെന്റ് വഴി വിറ്റഴിച്ച് 3,040 കോടി രൂപ ബാങ്ക് സമാഹരിച്ചിരുന്നു. കൂടാതെ ബാങ്ക് 7.26 കോടി ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴി 958.75 കോടി രൂപയും സമാഹരിച്ചിരുന്നു.
