ജിഎസ്ടി നിരക്കുകൾ കുറഞ്ഞു, വീടു പണിയുന്നവർക്ക് ലാഭം
കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ പരിഷ്കാരം നിലവിൽ വന്നതോടെ സാധാരണക്കാരടക്കം നിർമാണമേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ നിർമാണസാമഗ്രികളിലെ പത്ത് ശതമാനം ഇളവ് നിർമാണച്ചെലവിൽ എത്രത്തോളം ലാഭമുണ്ടാക്കും എന്നതിലാണ് പൊതുവായുള്ള ആകാംക്ഷ.
എന്നാൽ പെട്ടെന്നുതന്നെയുള്ള ഒരു മാറ്റം പ്രകടമാകാൻ സാധ്യതയില്ലെന്നാണ് മേഖലയിലെ വിദഗ്ധർ അറിയിക്കുന്നത്. അപ്പോഴും സ്വന്തമായി വീട് വയ്ക്കാൻ ഒരുങ്ങുന്നവർക്ക് ആശ്വാസത്തിന് വകയുണ്ട്. മൊത്തം നിർമാണച്ചെലവിൽ ചതുരശ്ര അടിക്ക് ഏകദേശം 100 രൂപയുടെ കുറവുവരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നതാണ് കാരണം.
