August 20, 2025

റെയില്‍വേ പാളത്തില്‍ സോളാര്‍ പാനലുകള്‍; പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

0
123359203

റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് തങ്ങളുടെ വര്‍ക്ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്.

രാജസ്ഥാനിലാണ് കൂടുതല്‍ സോളാര്‍ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുത പദ്ധതി. തീവണ്ടി ഗതാഗതത്തിന് തടസ്സമാകാതെയാണ് പാളങ്ങള്‍ക്കിടയില്‍ പാനലുകള്‍ സ്ഥാപിച്ചത്. ഈടുനില്‍ക്കുന്നതും കാര്യക്ഷമത ഉറപ്പുനല്‍കുന്നതുമാണ് ഇവ. അറ്റകുറ്റപ്പണിക്കായും കാലാവസ്ഥാ മാറ്റത്തിനനുസരിച്ചും ഇവ മാറ്റിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *