ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്

മുംബൈ: തീരുവപ്പേടിയില്‍ അമേരിക്കയിലെ ശേഖരം ഉയര്‍ത്താന്‍ ആപ്പിള്‍ തീരുമാനിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്. ഏപ്രില്‍- ജൂലായ് കാലയളവില്‍ ഇന്ത്യയില്‍നിന്ന് ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തം കയറ്റുമതി 1,000 കോടി ഡോളര്‍ (ഏകദേശം 87,000 കോടി രൂപ) പിന്നിട്ടു. മുന്‍വര്‍ഷം ഇതേകാലത്തെ 640 കോടി ഡോളറിനേക്കാള്‍ 52 ശതമാനമാണ് വര്‍ധന. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റി അയച്ചതില്‍ മുന്നില്‍ ഐഫോണ്‍തന്നെ.
ഏപ്രില്‍-ജൂലായ് കാലയളവില്‍ 750 കോടി ഡോളറിന്റെ ഐഫോണുകളാണ് കമ്പനി അമേരിക്കയിലേക്കു കൊണ്ടുപോയത്. മുന്‍വര്‍ഷം ഇതേകാലത്തെ 460 കോടി ഡോളറിനേക്കാള്‍ 63 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആപ്പിളിന്റെ ഉത്പാദനക്കരാറുള്ള ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവ ചേര്‍ന്നാണ് 750 കോടി ഡോളറിന്റെ ഐഫോണ്‍ കയറ്റുമതി നടത്തിയത്. ഇതില്‍ പെഗാട്രോണ്‍ ഫാക്ടറി ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിളിന്റെ വിഹിതമാണ്.