സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു

ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ മൈലേജ് നല്‍കുന്ന മറ്റൊരു ബൈക്ക് കംമ്യൂട്ടര്‍ സെഗ്മന്റ് വിഭാഗത്തിലില്ല. നല്ല ഇന്ധനക്ഷമത ഉള്ളതുകൊണ്ട് കൂടുതല്‍ ദൂരം സുഖമായി സഞ്ചരിക്കാം. വിപണിയിലെത്തി ആറു മാസത്തിനുള്ളില്‍ 40,000 യൂണിറ്റ് വില്‍പ്പന നടന്നിരുന്നു. സിഎന്‍ജി ഇന്ധനമായുള്ള മോഡലായതിനാല്‍ മലിനീകരണം കുറവാണ് എന്നതും ബജാജ് മോഡലിന്റെ പ്രത്യേകതയാണ്.
9.5 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കുമുള്ള 125 സിസി എന്‍ജിനാണ് ഫ്രീഡം 125ല്‍. 2 കിലോഗ്രാം സംഭരണശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലീറ്ററിന്റെ പെട്രോള്‍ ടാങ്കുമാണ് ഈ ബൈക്കിലുള്ളത്. സിഎന്‍ജിയിലും പെട്രോളിലും വാഹനം സ്റ്റാര്‍ട് ചെയ്യാം. സിഎന്‍ജി ഫ്യുവല്‍ തീര്‍ന്നാല്‍ ഓട്ടമാറ്റിക്കായി പെട്രോളിലേക്കു മാറുകയും ചെയ്യും. 2 കിലോഗ്രാം സിഎന്‍ജിയില്‍ 200 കിമീയും 2 ലീറ്റര്‍ പെട്രോളില്‍ 130 കിമീയും സഞ്ചരിക്കാനാകുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. മൊത്തം 330 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.