August 17, 2025

കംപാഷണേറ്റ് ഭാരത് സിഎസ്ആര്‍ ഓഫീസ് മണപ്പുറം മുംബൈ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു

0
IMG-20250813-WA0142

മുംബൈ/ കൊച്ചി: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സംരംഭമായ കംപാഷണേറ്റ് ഭാരതിന്റെ സിഎസ്ആര്‍ ഓഫീസ് മുംബൈ അന്ധേരി ഈസ്റ്റിലുള്ള കനകിയ വാള്‍ സ്ട്രീറ്റിലെ മണപ്പുറം ഫിനാൻസ് കോര്‍പറേറ്റ് ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദീന്റെ സാന്നിധ്യത്തില്‍ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി. നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ വികസിപ്പിച്ചെടുത്ത കമ്മ്യൂണിറ്റി മോഡലാണ് മുംബൈയിലും നടപ്പാക്കുന്നത്. ‘ഹബ് ആന്‍ഡ് സ്‌പോക്ക്’ മോഡലിനെ പിന്തുടര്‍ന്ന് അഭയകേന്ദ്രങ്ങളും ലിങ്ക് സെന്ററുകളും സ്ഥാപിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ പാലിയേറ്റീവ് മെഡിക്കല്‍ പരിചരണം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇവിടെ അഭയകേന്ദ്രങ്ങള്‍ ഹബ്ബുകളായും ലിങ്ക് സെന്ററുകളായും പ്രവര്‍ത്തിക്കുന്നു. ആശുപത്രികള്‍ കൈയൊഴിയുന്ന രോഗികള്‍ക്ക് ലിങ്ക് സെന്ററുകള്‍ ഹോം കെയര്‍ നല്‍കും.

ചെലവേറിയതും അനാവശ്യവുമായ ആശുപത്രി വാസം ഒഴിവാക്കി സ്വന്തം വീടുകളില്‍ താമസിക്കാന്‍ ഇത് അവരെ സഹായിക്കും.ഒരു ഹോം കെയര്‍ ടീമില്‍ ഡോക്ടര്‍, നഴ്‌സുമാര്‍, പ്രദേശത്തെ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടും. പാലിയേറ്റീവ് മെഡിസിനില്‍ വൈദഗ്ധ്യമുള്ളവരായിരിക്കും ഇവരെല്ലാവരും.ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ മൂലം വേദനയും ദുരിതവും അനുഭവിക്കുന്നവര്‍ക്കുള്ള ഹോം കെയറിനു പുറമേ, സ്‌ട്രോക്കുകള്‍, അപകടങ്ങള്‍, മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രായാധിക്യം മൂലമുണ്ടായ വൈകല്യങ്ങള്‍ എന്നിവയെ അതിജീവിച്ചവര്‍ക്ക് ലിങ്ക് സെന്ററുകള്‍ പാലിയേറ്റീവ് ഫിസിയോതെറാപ്പിയും നല്‍കും.

അഭയകേന്ദ്രങ്ങളുടെ കീഴിലാണ് ലിങ്ക് സെന്ററുകള്‍ ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പരിശീലനവും വിദ്യാഭ്യാസവും നല്‍കും. തീവ്ര പരിചരണ വിഭാഗം, ഡയാലിസിസ് സെന്റര്‍, ദുര്‍ബലരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ആളുകള്‍ക്കുള്ള കെയര്‍ ഹോം തുടങ്ങിയ സൗകര്യങ്ങള്‍ അഭയകേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. ഇവിടെ ജാതി-മത-രാഷ്ട്രീയ-വംശ ഭേദമില്ലാതെ രോഗികള്‍ക്ക് എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും.കാരുണ്യവും മേന്‍മയുമുള്ള പരിചരണം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആയിരക്കണക്കിന് രോഗികള്‍ അനാവശ്യമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആരും വേദനയും നിരാശയും ഒറ്റയ്ക്ക് നേരിടേണ്ടിവരില്ലെന്ന് കംപാഷണേറ്റ് ഭാരതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ വെറുമൊരു മെഡിക്കല്‍ സേവനമല്ലെന്നും മനുഷ്യത്വപൂര്‍ണമായ കാരുണ്യ പ്രവൃത്തിയാണെന്നും ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. രോഗികള്‍ക്ക് അന്തസ്സോടെ ജീവിതം മുന്നോട്ടു നീക്കാനാവശ്യമായ പരിചരണം ഉറപ്പാക്കുന്ന ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതില്‍ മണപ്പുറം ഫൗണ്ടേഷന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പതിറ്റാണ്ടിലേറെയായി മണപ്പുറം ഫൗണ്ടേഷന്‍ ആല്‍ഫ പാലിയേറ്റീവ് കെയറിന് പിന്തുണ നല്‍കി വരുന്നുണ്ട്. മുംബൈയിലെ മണപ്പുറം ഫൗണ്ടേഷന്റെ കോര്‍പ്പറേറ്റ് ഓഫീസിനുള്ളിലാണ് സിഎസ്ആര്‍ ഓഫീസ് പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *