ആരോഗ്യത്തിന് സഹായിക്കുന്നതിൽ നട്‌സ് പ്രധാനമാണ്. നാം പൊതുവേ ബദാം, വാൾനട് പോലുളളവയാണ് നട്‌സായി കണക്കാക്കുന്നതെങ്കിലും ആരോഗ്യകരമായ നട്‌സിൽ പ്രധാനപ്പെട്ടതാണ് കപ്പലണ്ടി. ഇത് പാവങ്ങളുടെ ബദാം എന്നാണ് അറിയപ്പെടുന്നത്. പല പോഷകങ്ങളും ഇതിലുണ്ട്. മറ്റ് വില കൂടിയ നട്‌സിനെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്. കപ്പലണ്ടി കൊറിയ്ക്കുകയെന്ന പ്രയോഗം തന്നെയുണ്ട്. രുചികരമായ ഇത് വറുത്തെടുത്താണ് പൊതുവേ നാം കഴിയ്ക്കാറ്. ഇത് എണ്ണ ചേർത്തും അല്ലാതെയുമെല്ലാം വറുക്കാറുമുണ്ട്. ഇത് ഉപ്പ് ചേർത്തും അല്ലാതെയുമെല്ലാം തന്നെ വറുത്തെടുക്കുന്നവരാണ് പലരും. എന്നാൽ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. കപ്പലണ്ടി മുഴുവൻ ഗുണം നൽകാൻ മികച്ച പാചകവഴിയാണ് ഇത് പുഴുങ്ങിക്കഴിയ്ക്കുകയെന്നത്. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങൾ ഉണ്ട്. തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. നാരുകൾ തീരെ നഷ്ടപ്പെടാതിരിയ്ക്കാൻ കപ്പലണ്ടി പുഴുങ്ങുന്നത് സഹായിക്കുന്നു. കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിന് കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. പുഴുങ്ങുമ്പോൾ ഇത് പ്രോട്ടീൻ സമ്പുഷ്ടമാകുന്നതിനാൽ ഇതും തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു. ഇതെല്ലാം തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. പ്രമേഹ രോഗികൾക്ക് നല്ല ഫലം നൽകാൻ കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. കപ്പലണ്ടി രക്തത്തിലെ ഗ്ലൂക്കോസ് തോത് വർദ്ധിപ്പിയ്ക്കുന്നില്ലെന്നത് തന്നെയാണ് പ്രധാന കാരണം. ഇത് പുഴുങ്ങുമ്പോൾ ഇതിലെ നാരിന്റെ ഗുണം ലഭിയ്ക്കുന്നതാണ് ഒരു കാരണം. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.