July 23, 2025

റബ്ബർവിലയിൽ മുന്നേറ്റം; വില 210 കടന്നു

0
Latex-rubber-tree

ചരക്കുക്ഷാമത്തിനിടെ റബ്ബർ വിലയിൽ മുന്നേറ്റം. വ്യാപാരിവില 204 രൂപയാണ്. ആർഎസ്എസ് നാല് ഗ്രേഡ് റബ്ബർ കിലോഗ്രാമിന് 215 രൂപവരെ ഒറ്റപ്പെട്ട ഇടപാട് നടന്നതായി വ്യാപാരികൾ പറയുന്നു. പക്ഷേ, വിപണിയിലേക്ക് വളരെ കുറഞ്ഞ അളവിലേ റബ്ബർ ഷീറ്റ് എത്തുന്നുള്ളൂ.സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ റബ്ബർഷീറ്റ് വാങ്ങുന്ന ടയർ കമ്പനി കഴിഞ്ഞദിവസം കിലോഗ്രാമിന് 206 രൂപയ്ക്ക് വ്യാപാരം നടത്തിയതോടെയാണ് വിപണിയിൽ മുന്നേറ്റം പ്രകടമായത്. ഇതിന് തുടർച്ചയായി ത്രെഡ് കമ്പനികൾ 210 രൂപയ്ക്ക് ചരക്കെടുത്തു. ഏജൻറുമാർ 215 രൂപയ്ക്ക് ബുക്കും ചെയ്തു. എന്നാൽ, ടാപ്പിങ് കുറവായതിനാൽ ഇതിന്റെ ഗുണം കൃഷിക്കാർക്ക് കിട്ടുന്നില്ല.

മഴമറ ഇട്ടിട്ടും വിളവെടുപ്പ് കാര്യമായി നടക്കുന്നില്ലെന്ന് കൃഷിക്കാരുടെ കൂട്ടായ്മ പറയുന്നു. പുലർച്ചെ പെയ്യുന്ന ശക്തമായ മഴയാണ് പ്രശ്നം. ചരക്കുക്ഷാമവും വിലയേറ്റവും ടയർകമ്പനികളെ ജാഗ്രതയിലാക്കി. മാസം 35,000-40,000 ടൺ വീതം ഇറക്കുമതി ഇപ്പോഴുണ്ട്. കോമ്പൗണ്ട് റബ്ബറും ശരാശരി 20,000 ടൺ വീതം എത്തുന്നു. ചരക്ക് വേണ്ടത്ര ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടയർകമ്പനികൾ റബ്ബർ ബോർഡിനെ സമീപിച്ചിട്ടുമുണ്ട്. റബ്ബർ കിട്ടിയില്ലെങ്കിൽ ഫാക്ടറികളുടെ പ്രവർത്തനം കുറയ്ക്കേണ്ടിവരുമെന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *