പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജെമിനി

ഗൂഗിളിന്റെ എഐ ആപ്പായ ഗൂഗിള്‍ ജെമിനി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒരൊറ്റ ഇമേജില്‍ നിന്ന് കിടിലൻ വീഡിയോകള്‍ ഉണ്ടാക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്.
ഗൂഗിളിന്റെ തന്നെ Veo 3 ഫീച്ചർ ഉപയോഗിച്ചാണ് ജെമിനിയില്‍ എഐ വീഡിയോകള്‍ നിർമിക്കുന്നത്. ഇമേജ്-ടു-വീഡിയോ ജനറേഷൻ ഫീച്ചർ ഉപയോഗിച്ചാണ് വീഡിയോ ജനറേറ്റ് ചെയ്യാൻ സാധിക്കുന്നത്. ആദ്യഘട്ടത്തില്‍ എട്ട് സെക്കന്റ് ദൈർഘ്യമുള്ള മൂന്ന് വീഡിയോകളാണ് ശബ്ദം കൂടി ഉള്‍പ്പെടുത്തി ഒരു ദിവസം നിർമിക്കാൻ കഴിയുക. ഗൂഗിള്‍ എഐ അള്‍ട്രാ, ഗൂഗിള്‍ എഐ പ്രോ പ്ലാൻ ഉപയോക്താക്കള്‍ക്ക് ആണ് ആദ്യഘട്ടത്തില്‍ ഈ ഫീച്ചർ ലഭിക്കുന്നത്.
ഫോട്ടോകളില്‍ നിന്ന് വീഡിയോ ഉണ്ടാക്കുന്നതിനായി ജെമിനി ആപ്പിലെ പ്രോംപ്റ്റ് ബോക്‌സിലെ ടൂള്‍ബാറില്‍ നിന്ന് ‘വീഡിയോസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് , ഫോട്ടോ ഗാലറിയില്‍ നിന്ന് ഫോട്ടോ തിരഞ്ഞെടുത്ത് വീഡിയോയ്ക്കായി വിശദമായ നിർദ്ദേശങ്ങള്‍ കൊടുക്കുക. ഇതില്‍ ഏത് ആനിമേഷനുകളാണ് നല്‍കേണ്ടത്, ദൃശ്യങ്ങള്‍ എങ്ങനെയായിരിക്കും, ഓഡിയോ എന്താണ് വേണ്ടത് എന്നൊക്കെ നിർദ്ദേശിക്കാം. തുടർന്ന് ജെമിനി സ്റ്റില്‍ ഇമേജുകള്‍ ‘ഡൈനാമിക് വീഡിയോ’ ആക്കി മാറ്റുന്നതുവരെ കുറച്ച് മിനിറ്റ് കാത്തിരിക്കുക. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ ഡ്രോയിംഗുകളും പെയിന്റിംഗുകളും അടക്കം വീഡിയോ ആക്കി മാറ്റാമെന്നും ഇഷ്ടപ്പെട്ട പ്രകൃതി ദൃശ്യങ്ങള്‍ക്ക് മൂവ്‌മെന്റ് നല്‍കി വീഡിയോയാക്കി സർഗ്ഗാത്മകത സൃഷ്ടിക്കാൻ കഴിയുമെന്നും ഗൂഗിള്‍ പറയുന്നു.