July 7, 2025

തീർത്ഥാടന യാത്രക്കൊരുങ്ങി കെഎസ്ആർടിസി

0
IMG_20231213_223501-1024x768

കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ് കെഎസ്ആര്‍ടിസി അവസരമൊരുക്കിയിട്ടുള്ളത്.ജൂലൈ 19നാണ് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നത്.

രാവിലെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഭാഗമാകാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വള്ളസദ്യയിലെ ചടങ്ങുകൾ കാണാനും 44 വിഭവങ്ങളടങ്ങുന്ന സദ്യയിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

ഇതിന് പുറമെ, പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം നേരിൽ കാണാനും കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നുണ്ട്.ഓഗസ്റ്റ് 3, 9, 10 തീയതികളിലാണ് കോട്ടയത്തെ നാലമ്പല തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. രാമപുരത്താണ് നാലമ്പലം സ്ഥിതി ചെയ്യുന്നത്. കർക്കിടകത്തിൽ ധാരാളം ഭക്തരാണ് ഈ ക്ഷേത്രങ്ങളിലെത്താറുള്ളത്. രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം, കുടപ്പലം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് അവ. ഈ ക്ഷേത്രങ്ങളെ ഒന്നിച്ചാണ് നാലമ്പലം എന്ന് വിളിക്കുന്നത്.

കെഎസ്ആര്‍ടിസി പാക്കേജിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഈ ക്ഷേത്രങ്ങളിൽ പ്രത്യേക ദര്‍ശന സൗകര്യമൊരുക്കും. 700 രൂപയാണ് നിരക്ക്. ബുക്കിംഗിനും മറ്റ് വിശദാംശങ്ങൾക്കുമായി 8921950903, 8129580903, 9188933734 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *