മത്സ്യക്ഷാമം രൂക്ഷം: ലഭിക്കുന്ന മത്സ്യത്തിന് തീവില

കാസർകോട്: തമിഴ്‌നാട്ടില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ഐസ് ചേർത്ത മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കാസർകോട് വിപണിയില്‍ മത്സ്യത്തിന് തീവില.ട്രോളിംഗ് നിരോധന കാലത്തും മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് മത്സ്യം ലഭിച്ചിരുന്ന പതിവ് ഇത്തവണയില്ല,മൊത്ത വ്യാപാരികള്‍ എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് മാർക്കറ്റുകളിലെത്തിക്കുന്ന മീനുകള്‍ക്ക് വൻ വിലയാണ് ഈടാക്കുന്നത്. നിലവില്‍ അയല, മത്തി, മുള്ളൻ, ചെമ്മീൻ, പൊടിമീൻ, നത്തല്‍ എന്നിങ്ങനെ ആറ് ഇനം മത്സ്യങ്ങള്‍ മാത്രമാണ് വിപണിയിലുള്ളത്. ഇവയെല്ലാം പഴകിയതും ഐസ് ചേർത്തതുമാണ്. ഒന്നിനും 300 രൂപയില്‍ കുറവില്ല എന്നതാണ് സ്ഥിതി.വലിയ അയലയ്ക്ക് 500 രൂപ ഈടാക്കുമ്പോള്‍ ചെറുതിന് 300 രൂപയാണ് വില. ചെമ്മീനും 300 രൂപ മുതല്‍ 500 രൂപ വരെയാണ് വില. ശനിയാഴ്ച മാർക്കറ്റില്‍ മത്തിക്ക് 300 രൂപയായിരുന്നു വില. ട്രോളിംഗ് നിരോധന കാലത്ത് ചെറിയ വള്ളങ്ങളിലും തോണികളിലും ചവിട്ടു വലകളായും മീൻ പിടിച്ചിരുന്നുവെങ്കിലും, ഇത്തവണ ശക്തമായ മഴയും കടലേറ്റവും ഇതിന് തടസ്സമായി. ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യ ചാകരയുടെ കാലമായിരുന്നു ഇത്. എന്നിട്ടും തൊഴിലാളികള്‍ കഷ്ടപ്പാടിലാണ്.തീരദേശ മേഖല ഇപ്പോള്‍ പൂർണ്ണമായും നിശ്ചലമാണ്. രൂക്ഷമായ കടലാക്രമണമാണ് തീരദേശ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ ചെറുതോണികളും വള്ളങ്ങളും കടലിലിറക്കാൻ കഴിയുന്നില്ല. ശക്തമായ മഴ തുടരുകയും ചെയ്യുന്നു. കാലാവസ്ഥ അനുകൂലമായാല്‍ വള്ളങ്ങള്‍ കടലിലിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍