July 7, 2025

50 കോടിയുടെ മെഗാ പദ്ധതി; വരുന്നൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം

0
kochi-airport_0_1200.jpg

വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍) 50 കോടിയുടെ മെഗാ പദ്ധതി നടപ്പാക്കുന്നത്. വിമാന അറ്റകുറ്റപ്പണികള്‍ക്കായി (എംആര്‍ഒ) കൊച്ചി എയര്‍പോര്‍ട്ടില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സിഐഎഎസ്എല്‍ ചെയര്‍മാന്‍ എസ്. സുഹാസ് തുടക്കം കുറിച്ചു.

53,800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഹാങ്ങറിനോടു ചേര്‍ന്ന് 7000 ചതുരശ്ര അടിയില്‍ പ്രത്യേക ഓഫീസ്, വര്‍ക്ക് ഷോപ്, കംപോണന്റ് റിപ്പെയറിങ്ങിനും നോണ്‍-ഡിസ്ട്രക്ടീവ് ടെസ്റ്റിങ്ങിനുമുള്ള സൗകര്യം എന്നിവ ഒരുക്കും. എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കേരളത്തിനു പുറമേ നാഗ്പുര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കേന്ദ്രങ്ങളുള്ളത്. കേരളത്തില്‍ കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും എംആര്‍ഒ സംവിധാനമുണ്ട്.

എന്നാല്‍, റണ്‍വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റണ്‍വേ കണക്ടിവിറ്റി കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണുള്ളത്. വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം രാജ്യത്ത് അപര്യാപ്തമാണ്. അതിനാല്‍ രാജ്യത്തെയും വിദേശത്തെയും വിമാനക്കമ്പനികള്‍ അറ്റകുറ്റപ്പണികള്‍ക്കും പാര്‍ക്കിങ്ങിനുമായി സിങ്കപ്പൂര്‍, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും രാജ്യത്തിനു പുറത്തേക്ക് ഒഴുകുന്നത്. പുതിയ ഹാങ്ങര്‍ യാഥാര്‍ഥ്യമാകുന്നതോടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ ബിസിനസ് കേരളത്തിലേക്ക് ആകര്‍ഷിക്കാനും കൊച്ചിയെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന എംആര്‍ഒ ഹബ്ബായി ഉയര്‍ത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *