റോയൽ എൻഫീൽഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു

2025 ജനുവരിയിലാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഉപഭോക്താക്കൾ ഈ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാനും തുടങ്ങി. എന്നാൽ ചില മെക്കാനിക്കൽ പ്രശ്‌നങ്ങൾ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ കുറച്ച് മാസങ്ങളായി ബുക്കിംഗ് താൽക്കാലികമായി നിർത്തിയിരുന്നു. ഇപ്പോൾ, സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും വിൽപ്പനയും കമ്പനി വീണ്ടും ആരംഭിച്ചു.
എഞ്ചിന്റെ മാഗ്നെറ്റോ കവറിൽ സ്ഥിതി ചെയ്യുന്നതും ബൈക്കിന്റെ ഇഗ്നിഷൻ സിസ്റ്റത്തിന്റെ ഭാഗമായതുമായ വുഡ്രഫ് കീയിൽ ആയിരുന്നു പ്രശ്‍നം കണ്ടെത്തിയത്. ഇക്കാരണത്താൽ ചിലപ്പോൾ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല. പ്രത്യേകിച്ച് എഞ്ചിൻ ഓഫ് ചെയ്ത ശേഷം റീസ്റ്റാർട്ട് ചെയ്യുമ്പോൾ ആണ് ഈ പ്രശ്‍നം കൂടുതലായും ബാധിച്ചത്.
റോയൽ എൻഫീൽഡ് ഉടൻ തന്നെ പ്രശ്‍നം കണ്ടെത്തുകയും സാങ്കേതിക മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനായി വിൽപ്പന താൽക്കാലികമായി നിർത്തിവയ്‍ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ മോട്ടോർസൈക്കളിലെ എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായും സ്‌ക്രാം 440 വീണ്ടും വിപണിയിൽ ലഭ്യമാക്കിയതായും കമ്പനി സ്ഥിരീകരിച്ചു. അതേസമയം ബൈക്കിന്റെ ലഭ്യത ഇപ്പോഴും പരിമിതമാണ്. പക്ഷേ ഡെലിവറി മികച്ചതാക്കാൻ റോയൽ എൻഫീൽഡ് പതുക്കെ ഉത്പാദനം വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.