2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

രാജ്യത്ത് 2019 മുതൽ 2025 വരെയുള്ള 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്രസർക്കാർ. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ സ്വീകാര്യതയിൽ വർദ്ധനവ് ഉണ്ടായതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ഡിജിറ്റലൈസേഷൻ രാജ്യത്ത് കറൻസികളെ ആശ്രയിക്കുന്നത് കുറച്ചുവെന്നും, എന്നാൽ വിനിമയം കുറേക്കൂടി സുതാര്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഫിൻടെക്കുകൾ, ബാങ്കുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കേന്ദ്ര സർക്കാർ ഒരുമിച്ച് പ്രവർത്തിച്ചു വരുന്നുവെന്നും ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പറഞ്ഞു.